Powered By Blogger

Friday, September 16, 2011

അറിവിന്റെ ലഹരി Written by Benny Punnathara (Chief Editor -Shalom Times)

ഇംഗ്ലണ്ടിലെ ഒരു ദേവാലയം. അടുത്തുള്ള ഇടവകകളിലെ വൈദികരെല്ലാം മാസംതോറുമുള്ള പ്രാര്‍ത്ഥനയ്‌ക്കും പഠനത്തിനുമായി അവിടെ സമ്മേളിച്ചിരിക്കുകയാണ്‌. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' (1 തെസ.5:17) എന്ന വചനം ആയിരുന്നു അന്നത്തെ ചിന്താവിഷയം. എങ്ങനെയാണ്‌ നിരന്തരം പ്രാര്‍ത്ഥിക്കുക? ധാ രാളം ജോലിത്തിരക്കുള്ള തങ്ങള്‍ക്ക്‌ അത്‌ സാധിക്കുന്ന കാര്യമാണോ? എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നാല്‍ ജോലിയും ഉത്തരവാദിത്വങ്ങളും എങ്ങനെ നിറവേറ്റും? ഇങ്ങനെയുള്ള ചിന്തകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മീറ്റിംഗിനെ ചൂടുപിടിപ്പിച്ചു. ഒടുവില്‍ അധ്യക്ഷനായിരുന്ന സീനിയര്‍ വൈദികന്‍ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: ``ഈ വിഷയം വളരെ സങ്കീര്‍ണവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നുമാണ്‌. അതിനാല്‍ ഇന്നത്തെ ചിന്തകളെല്ലാം ക്രോഡീകരിച്ച്‌ അടുത്ത മാസത്തെ മീറ്റിംഗില്‍ ഒരു പ്രബന്ധമായി അവതരിപ്പിക്കാം. പിന്നീട്‌ അതിനെ ആസ്‌പദമാക്കി നമ്മുടെ ചര്‍ച്ചകള്‍ തുടരാം.''
ചായ വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന പരിചാരിക ഇതുകേട്ട്‌ ഉറക്കെ ഇങ്ങനെ പറഞ്ഞുപോയി. ``ഓ ദൈവമേ... ഈ വചനത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ഇനിയുമൊരു മീറ്റിംഗോ? എത്രയോ ലളിതമായ കാര്യമാണ്‌ പൗലോസ്‌ ശ്ലീഹാ പറഞ്ഞിരിക്കുന്നത്‌?''

``അത്ര ലളിതമാണെങ്കില്‍ നീയതിന്റെ വ്യാഖ്യാനം പറഞ്ഞുതരിക. ഞങ്ങള്‍ കേള്‍ക്കാം. നിനക്ക്‌ ഇടവിടാതെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുണ്ടോ?'' അല്‌പം തമാശഭാവത്തില്‍ അധ്യക്ഷന്‍ പറഞ്ഞു.
പരിചാരിക ശാന്തതയോടെ പ്രതികരിച്ചു; ``ഞാന്‍ എത്രയോ കാലമായി ഇടവിടാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. രാവിലെ ഉണര്‍ന്ന്‌ കണ്ണു തുറക്കുമ്പോള്‍ തന്നെ പുതിയ ദിവസത്തിനായി ഞാന്‍ നന്ദി പറയും. സൂര്യനെ കാണുമ്പോള്‍ നീതിസൂര്യനായ ക്രിസ്‌തുവേ, എന്റെ ഹൃദയാകാശത്തില്‍ ഉദിക്കണേയെന്ന്‌ പ്രാര്‍ത്ഥിക്കും. ചായ കുടിക്കുമ്പോള്‍ എന്റെ ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ പരിശുദ്ധാത്മാവേ എഴുന്നള്ളിവരണമേ എന്നാണെന്റെ പ്രാര്‍ത്ഥന. മുറി അടിച്ചുവാരുമ്പോള്‍ എന്റെ ജീവിതത്തെ വിശുദ്ധീകരിക്കണമേ എന്ന പ്രാര്‍ത്ഥന മനസിലുയരും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ മനുഷ്യര്‍ക്കായി അപ്പവും വീഞ്ഞുമായിത്തീര്‍ന്ന ക്രിസ്‌തുവിന്റെ ശരീര-രക്തങ്ങള്‍ എന്റെ മനസിലേക്കു വരും. എന്റെ മക്കളെ കാണുമ്പോള്‍ ഞാനെന്റെ സ്വര്‍ ഗീയ പിതാവിന്റെ മകളാണെന്നും അവിടുന്നെന്നെ പരിപാലിക്കുമെന്നും ധ്യാനിക്കുന്നു. കാടും പുഴയും പൂവുകളും കാണുമ്പോള്‍ ഇവയെല്ലാം സൃഷ്‌ടിച്ച ദൈവം എത്രയോ വലിയവനാണെന്ന ചിന്തയില്‍ ഹൃദയം ആനന്ദിക്കും... കാണുന്നതും ചെയ്യുന്നതുമെല്ലാം എ നിക്കു പ്രാര്‍ത്ഥനയാണ്‌... പ്രാര്‍ത്ഥിക്കാതെങ്ങനെയാണ്‌ സമയം പോവുക എന്നെനിക്കറിയില്ല.''

ഈ വാക്കുകള്‍ കേട്ട്‌ ബുദ്ധിമാന്മാരില്‍നിന്നും മറച്ചുവെച്ചവ ശിശുക്കള്‍ക്കും എളിമയുള്ളവര്‍ക്കും വെളിപ്പെടുത്തിയ ദൈവത്തെ അവര്‍ പുകഴ്‌ത്തി.
പ്രാര്‍ത്ഥനയെക്കുറിച്ച്‌ പഠിച്ചു പഠിച്ച്‌ ആയുസ്‌ തീര്‍ ത്തിട്ടും പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ ലോകത്തോട്‌ വിടവാങ്ങിയവര്‍ ചരിത്രത്തിലുണ്ടാകും. ബൈബിളിന്റെ എല്ലാ വിവര്‍ത്തനങ്ങളും അതിന്റെ കമന്ററികളും ഷെ ല്‍ഫിലുണ്ടായിട്ടും ബൈബിള്‍ വായിക്കാനും ധ്യാനിക്കാനും നാം പലപ്പോഴും ശ്രമിക്കാറില്ല. സെമിനാറുകളിലും ധ്യാനങ്ങളിലും കേട്ടതൊന്നും വിട്ടുപോകാതെ കുറിച്ചുവച്ച നോട്ടുപുസ്‌തകങ്ങള്‍ എത്രയേറെ. ആ കുറിച്ചതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാതെ വീ ണ്ടും അറിവു തേടി നമ്മള്‍ പോകുകയാണ്‌. പുതിയ പുസ്‌തകങ്ങള്‍, പുതിയ സി.ഡികള്‍, പുതിയ ധ്യാനരീതികള്‍... ആയുസ്‌ കടന്നുപോകുന്നു. ഇനിയും എ ന്നാണ്‌ നമ്മള്‍ പ്രാര്‍ത്ഥിക്കാനും ജീവിക്കാനും തുടങ്ങുക? അറിവിന്റെ ലഹരി മത്തുപിടിപ്പിക്കുമ്പോഴും ആ ത്മാവിന്റെ ശുഷ്‌കതയെ തിരിച്ചറിയാന്‍ കഴിയാതെ തകരുന്ന ജീവിതമാണോ നമ്മുടേത്‌. പുതിയ ധ്യാനങ്ങള്‍ കൂടാന്‍ ഓടുമ്പോള്‍ പഴയ ധ്യാനങ്ങളുടെ നോട്ടുപുസ്‌തകങ്ങള്‍ മറക്കാതിരിക്കുക. ബൈബിളില്‍ അടയാളപ്പെടുത്തിയിട്ടുള്ള വചനഭാഗങ്ങള്‍ വിസ്‌മരിച്ചിട്ട്‌ പുതിയ വചനങ്ങള്‍ക്കുവേണ്ടി ഓടാതിരിക്കുക. ദൈവം അനുഗ്രഹിക്കും.

No comments:

Post a Comment