യുവഹൃദയങ്ങളെ ജാഗ്രത
നെഞ്ചിന്റെ ഇടതുവശത്ത് നിങ്ങള്‍ കേള്‍ക്കുന്ന ജീവതാളം ഒരല്‌പം ക്രമം തെറ്റുന്നുണ്ടോ? ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുവത്വത്തിന്റെ ഹൃദയമിടിപ്പുകള്‍ താളം തെറ്റുകയാണ്. 'ഹൃദയാഘാതം എന്ന വില്ലന്‍ 'ചെറിയ' ഇരകളെ തേടിത്തുടങ്ങിയിരിക്കുന്നു. പാശ്‌ചാത്യരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരില്‍, വിശേഷിച്ച് മലയാളികളില്‍ ഹൃദയാഘാതത്തിന് കൂടുതല്‍ സാധ്യതയാണുള്ളത്. ഹൃദയപേശികളില്‍ രക്‌തം പ്രദാനം ചെയ്യുന്ന ഹൃദയധമനികളകില്‍ തടസമുണ്ടാവുകയോ ധമനികള്‍ ചുരുങ്ങുകയോ ചെയ്യുന്ന അവസ്‌ഥയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ശുദ്ധരക്‌തം കിട്ടാതെവരികയും അങ്ങനെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു. ധമനികളില്‍ കൊഴുപ്പടിയുന്നതാണ് ഈ അവസ്‌ഥയ്‌ക്കുള്ള കാരണം. പാശ്‌ചാത്യരുടെ രക്‌തക്കുഴലുകള്‍ക്ക് മൂന്നര മുതല്‍ നാലു മി.മീറ്റര്‍വരെ വ്യാസമുണ്ട്. എന്നാല്‍ മലയാളിക്ക് 2 മുതല്‍ 3 മി.മീറ്റര്‍വരെ വ്യാസ മാത്രമാണുള്ളത്. ഇത് ഹൃദയാഘാതസാധ്യത വര്‍ധിപ്പിക്കുന്നു.
എന്തുകൊണ്ട് യുവാക്കളില്‍?
യൗവനാരംഭത്തില്‍ തന്നെ ധമനികളില്‍ കൊഴുപ്പടിയുന്ന പ്രവര്‍ത്തനം തുടങ്ങിക്കഴിയും. അതിനൊപ്പം ശാരീരികാധ്വാനമില്ലാത്ത സുഖജീവിതശൈലി, കൊഴുപ്പേറിയ ഭക്ഷണം, വ്യായാമമില്ലായ്‌മ ഇവ കൂടിച്ചേരുമ്പോള്‍ ധമനികളില്‍ കൊഴുപ്പടിയുന്ന പ്രവണതയ്‌ക്ക് ആക്കം കൂടിവരുന്നു. ഉല്‌പാദിപ്പിക്കപ്പെടുന്ന കൊഴുപ്പ് അലിഞ്ഞുപോകുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നില്ല.
മറ്റ് രോഗാവസ്‌ഥകള്‍ എങ്ങനെ ബാധിക്കുന്നു?
തെറ്റായ ജീവിതശൈലികൊണ്ടുതന്നെ മറ്റു പല രോഗാവസ്‌ഥകളും നേരത്തെതന്നെ ഉടലെടുക്കുവാന്‍ തുടങ്ങും. ഇത് യൗവനത്തില്‍തന്നെ ഹൃദയാഘാതത്തിന് ആതിഥേയരായിത്തീരുന്നു. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിവയാണ് ഈ രോഗാവസ്‌ഥകള്‍. പ്രമേഹം, രക്‌തസമ്മര്‍ദ്ദം എന്നിവയുള്ള ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടായാല്‍ പലപ്പോഴും വേദന അറിയാന്‍ കഴിയില്ല. ഇത് അപകടകരമായ ഒരു അവസ്‌ഥയാണ്. മാത്രമല്ല പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത 3 ഇരട്ടിയാണ്. ഇവരില്‍ ഒന്നില്‍ക്കൂടുതല്‍ ബ്ലോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അമിതവണ്ണം ഉള്ളവരില്‍ കുടവയര്‍ ഉണ്ടാകും. യുവാക്കളില്‍പോലും ഈ അവസ്‌ഥ കാണപ്പെടുന്നുണ്ട്. മലയാളിയുടെ ശാരീരികപ്രകൃതിയനുസരിച്ച് ആപ്പിള്‍ ആകൃതിയിലുള്ള കുടവയറാണുള്ളത്. ഇത്തരം വയറില്‍ കൊഴുപ്പടിയുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കൊഴുപ്പ് രക്‌തത്തിലെത്തി അപകടം ഉണ്ടാക്കുന്നു.
മറ്റുള്ള കാരണങ്ങള്‍
പുകവലി, മദ്യപാനം, മാനസികപിരിമുറുക്കം, പാരമ്പര്യം മുതലായവ ഹൃദയാഘാതത്തിലേക്ക് തുറക്കുന്ന കിളിവാതിലുകളാണ്.
പുകവലി
പുകയിലയിലെ നിക്കോട്ടിന്‍ രക്‌തസമ്മര്‍ദ്ദം ഉയര്‍ത്തുകയും രക്‌തക്കുഴലുകളെ ചുരുക്കി ഹുദയാഘാതസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. പുകവലി നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എന്‍.ന്റെ അളവ് കുറയുവാന്‍ ഇടയാക്കുന്നു. പുകവലിക്കുന്ന ഒരാള്‍ക്ക് പുകവലിക്കാത്ത ഒരാളേക്കാള്‍ ഹൃദയാഘാതസാധ്യത 6 ഇരട്ടിയാണ്.
മദ്യപാനം
അമിത മദ്യപാനം രക്‌തസമ്മര്‍ദ്ദം ഉയര്‍ത്തുകയും വയറിന്റെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. മദ്യം ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ കലോറി പ്രദാനം ചെയ്യുന്നു. ഇത് ദോഷകരമാകുന്നു.
മാനസികപിരിമുറുക്കം
ഇന്നത്തെ പ്രത്യേകത ജീവിതസാഹചര്യത്തില്‍ എല്ലാവരും കടുത്ത മാനസികസംഘര്‍ഷത്തിലാണ്. പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കപ്പെടാതെപോകുന്നതും തിരക്കുപിടിച്ച ജീവിതശൈലിയും ഇതിന് ആക്കം കൂടുന്നു. ഭൂകമ്പങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ മുതലായവ ഉണ്ടാകുന്ന പ്രദേശങ്ങളിലെ ആളുകളില്‍ എപ്പോഴും കടുത്തമാനസികപിരിമുറുക്കം കാണപ്പെടാറുണ്ട്.
പാരമ്പര്യം
പാരമ്പര്യമായി ഹൃദയാഘാതത്തിന് ഇരയാകുന്നവരുണ്ട്. പ്രത്യേക ജീനുകളിലെ തകരാറാണ് കാരണം. അടുത്ത ബന്ധുക്കള്‍ക്ക് ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര്‍ക്ക് അതിനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്‌ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കുറവാണെന്ന് പറയാം. അവരില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന ഈസ്‌ട്രജന്റെ പ്രവര്‍ത്തനം മൂലമാണിത്. എന്നാല്‍ ആര്‍ത്തവവിരാമത്തിനു ശേഷം ഹൃദയാഘാതസാധ്യത പുരുഷന്റേതിന്തുല്യമാണ്. മാത്രമല്ല ഈസ്‌ട്രജന്‍ ഉത്‌പാദനം കുറവുള്ള സ്‌ത്രീകളില്‍ വളരെ നേരത്തേ തന്നെ ഹൃദയാഘാതമുണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ എപ്പോഴും കരുതലോടെയിരിക്കുക!
ഹൃദയാഘാതത്തെ ചെറുക്കാന്‍ ചില നിര്‍ദേശങ്ങള്‍
1. കൊഴുപ്പുകുറഞ്ഞ ഭക്ഷണം ശീലിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുക.
2. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നേരത്തെ കണ്ടെത്തി ചികിത്സിക്കുക.
3. അമിതഭക്ഷണം ഒഴിവാക്കുക. കുടവയര്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
4. പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
5. മാനസികസംഘര്‍ഷം ഒഴിവാക്കാന്‍ യോഗ, പ്രാര്‍ഥന ശീലിക്കുക. സമയം കണ്ടെത്തി ഇഷ്‌ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെടുക. വിശ്വസ്‌തരായ ബന്ധുവിനോടോ സുഹൃത്തിനോടോ മാനസികപ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കുക.
6. ചിട്ടയായ ജീവിതരീതി ശീലിക്കുക.
7. കൃത്യമായി വ്യായാമം ചെയ്യുക. രോഗികള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ.
സ്‌ഥിരമായി വ്യായാമം ചെയ്‌തിരുന്ന ഒരാള്‍ പൊടുന്നനെ അത് നിര്‍ത്തുമ്പോള്‍ കൊഴുപ്പടിയാനുള്ള സാധ്യത അയാളില്‍ ഇരട്ടിയാകുന്നുണ്ട്.
കുടുംബാംഗങ്ങള്‍ ചെയ്യേണ്ടത്
ഒരു വ്യക്‌തിക്ക് ഹൃദയാഘാതമോ അതുസംബന്ധിച്ച് മറ്റ് അസ്വസ്‌ഥതകളോ ഉണ്ടായാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക. നഷ്‌ടമാകുന്ന ഓരോ സെക്കന്റിനും ഒരു ജീവന്റെ വിലയാണുള്ളത്. ഒരിക്കല്‍ ഹൃദയാഘാതമുണ്ടായ വ്യക്‌തിയോട് കര്‍ക്കശമായ നിര്‍ദേശങ്ങള്‍ നല്‍കി വീര്‍പ്പുമുട്ടിക്കരുത്. അങ്ങനെ ചെയ്‌താല്‍ താന്‍ രോഗിയാണെന്ന ബോധം അയാളില്‍ ഉണ്ടാകുകയും അത് മാനസികസംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്യും. ആവശ്യമായ കരുതലും പിന്തുണയും നല്‍കുക. ഒറ്റപ്പെട്ടുപോയെന്ന തോന്നല്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
അധികാരികളോട്
എന്തും അവഗണിച്ചുതള്ളുന്ന അതേ മനസ്‌ഥിതിയോടെ ഈ പ്രശ്‌നത്തെയും കാണാതിരിക്കുക. എത്രയും പെട്ടെന്ന് പോംവഴി കണ്ടെത്തേണ്ട സങ്കീര്‍ണമായ ഒരു പ്രശ്‌നം തന്നെയാണിത്. ഹൃദയാഘാതം മരണത്തിനിടയാക്കുന്നത് തക്കസമയത്ത് മതിയായ ചികിത്സ കിട്ടാതെ വരുമ്പോഴാണ്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലസ്‌റ്റി, ബൈപാസ് സര്‍ജറി മുതലായ ചികിത്സകള്‍ വളരെ പണച്ചെലവുള്ളതിനാല്‍ പലപ്പോഴും രോഗിക്ക് ഇത്തരം ചികിത്സകള്‍ നിഷേധിക്കപ്പെടുന്നു. വിലക്കൂടുതല്‍ എന്ന കാരണത്താല്‍ മരുന്നുകള്‍പോലും വാങ്ങാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഹൃദയാഘാതംമൂലമുള്ള മരണനിരക്ക് ഉയരുവാന്‍ ഇടയാക്കും.
തമിഴ്‌നാട്, കര്‍ണാടക, ആന്‌ധ്ര മുതലായ സംസ്‌ഥാനങ്ങളിലും ഹൃദ്രോഗചികിത്സയ്‌ക്ക് സര്‍ക്കാരില്‍നിന്നും പല ചികിത്സാസഹായപദ്ധതികളും ഇന്‍ഷുറന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം ഒരു പദ്ധതികളും നിലവിലില്ല. സര്‍ക്കാര്‍ 'താലേലം' എന്ന പേരില്‍ നടത്തിവരുന്ന ഹൃദ്രോഗചികിത്സാപദ്ധതി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളില്‍ മാത്രമേയുള്ളൂ. മാത്രമല്ല 18 വയസില്‍ താഴെയുള്ളവര്‍ക്കേ ഇതിന്റെ പ്രയോജനമുള്ളൂ. 'സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌പദ്ധതിയിലും ഹൃദ്രോഗചികിത്സാസേവനം ലഭ്യമല്ല. ഈ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇന്‍ഷുറന്‍സ് പദ്ധതികകളോ മറ്റു ചികിത്സാസഹായ സംവിധാനങ്ങളോ ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല ഇത്രയും അപകടകരമായ ഒരു രോഗത്തിനുള്ള മരുന്നുകളുടെ വില കുറയ്‌ക്കുവാനുള്ള പദ്ധതികളും അടിയന്തിരമായി നടത്തേണ്ടിയിരിക്കുന്നു. ഇത്തരം സേവനങ്ങളുടെ പരിമിതിമൂലം പൊലിഞ്ഞുപോകുന്നത് അനേകം ജീവനുകളാണ്.
thanks mangalam
No comments:
Post a Comment